ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഏ​ഷ്യ​യി​ൽ ഒന്നാമതെത്തി ഒമാ​ൻ സുൽത്താനേറ്റ്

മ​സ്ക​ത്ത്​: ജീ​വി​ത നി​ല​വാ​ര​ത്തി​ൽ ഏ​ഷ്യ​യി​ൽ ഒന്നാമതെത്തി ഒ​മാ​ൻ സുൽത്താനേറ്റ്. ആ​ഗോ​ള ത​ല​ത്തി​ൽ ജീ​വി​ത​ച്ചെ​ല​വു​ക​ൾ വി​ശ​ക​ല​നം ചെ​യ്ത്​ ‘നം​ബി​യോ’ വെ​ബ്​​സൈ​റ്റ്​ പു​റ​ത്തു​വി​ട്ട അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഒമാ​ൻ സുൽത്താനേറ്റ് ഒന്നാമതെത്തിയത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ നേ​ടി​യ​ത്.

ഒ​രു പ്ര​ത്യേ​ക രാ​ജ്യ​ത്തോ ന​ഗ​ര​ത്തി​ലോ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മ​ത്തി​ന്‍റെ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. സൂ​ചി​ക​യി​ൽ 184.8 പോ​യ​ന്റ് സ്കോ​ർ ചെ​യ്താ​ണ്​ ഒ​മാ​ൻ മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് മുന്നിലെത്തിയത്.

താ​മ​സ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നേട്ടം​ ഇ​തി​ലൂ​ടെ രാജ്യം സ്വന്തമാക്കി. വാ​ങ്ങ​ൽ ശേ​ഷി, മ​ലി​നീ​ക​ര​ണ തോ​ത്, താ​ങ്ങാ​നാ​വു​ന്ന പാ​ർ​പ്പി​ട വി​ല, ജീ​വി​ത​ച്ചെ​ല​വ്, സു​ര​ക്ഷ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​ല​വാ​രം, യാ​ത്രാ​സ​മ​യം, കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ ഉ​യ​ർ​ന്ന റാ​ങ്കി​ന് കാ​ര​ണ​മാ​യി.

ല​ക്‌​സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, ഐ​സ്‌​ല​ൻ​ഡ്, ഡെ​ന്മാ​ർ​ക്, ഫി​ൻ​ല​ൻ​ഡ്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് രാ​ജ്യ​ങ്ങ​ളാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ യ​ഥാ​ക്ര​മം ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ൽ ഇടം നേടിയത്. ഈ ​രാ​ഷ്ട്ര​ങ്ങ​ൾ അ​വ​രു​ടെ ശ​ക്ത​മാ​യ സാ​മൂ​ഹി​ക​ക്ഷേ​മ സം​വി​ധാ​ന​ങ്ങ​ൾ, ശ​ക്ത​മാ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​രം എ​ന്നി​വ​യി​ൽ നേ​ര​ത്തേ ത​ന്നെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​മാ​ന്റെ ശ്ര​ദ്ധേ​യ നേ​ട്ടം പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തി​യ​തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യ​ത്​ ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ലെ ഉ​യ​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.