ജി20 ഉച്ചകോടി ഇന്ത്യ-ഒമാൻ ബന്ധം മെച്ചപ്പെടുത്തി : അമിത് നാരംഗ്

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലെ ഒമാന്റെ പ്രാതിനിത്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചതായി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. ജി 20 ഉച്ചകോടിയുടെ ഫലങ്ങളെയും ഒമാന്റെ ക്രിയാത്മക പങ്കാളിത്തത്തെക്കുറിച്ചും മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

150ലധികം ജി 20 മീറ്റിങ്ങുകളിൽ ഒമാൻ പങ്കാളികളായി. വിദേശകാര്യം, ടൂറിസം, കൃഷി, സാമ്പത്തികം, തൊഴിൽ, വാണിജ്യം,ആരോഗ്യം തുടങ്ങിയ മന്ത്രിമാരും സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് എൻവയോൺമെന്റ് അതോറിറ്റി ചെയർപേഴ്സൺമാരുമുൾപ്പെടെയുള്ള സംഘം ഉൽപ്പാദനപരമായ ചർച്ചകളിൽ നേരത്തെ പങ്കെടുത്തിരുന്നു. ഇതിനു സഹായിച്ച ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇന്ത്യൻ അംബാസഡർ അഭിനന്ദനങ്ങൾ അറിയിച്ചു.

ജി 20 ഉച്ചക്കോടി വിജയകരാമയി നടപ്പാക്കാൻ കഴിഞ്ഞതിനെ അഭിനന്ദിക്കുകയും പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിനു ഉപപ്രധാനമന്ത്രിയും സുൽത്താൻറെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിലുള്ള ജി20 ഉച്ചകോടി ഉജ്ജ്വല വിജയമായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 ഏറ്റവും പ്രധാനപ്പെട്ട ചില ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു വെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.