പകർച്ച വ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: പകർച്ച വ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി ഊർജിതമാക്കി. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുടനീളം വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കൊതുകുകളെയും മറ്റും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ശുചിത്വ രീതികൾ സ്വീകരിക്കാനായി കമ്മ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ ബൗഷറിലെ വിവിധ സ്ഥലങ്ങളിൽ കീടനാശിനികൾ തളിച്ചിരുന്നു. വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിൻറെ വ്യാപനത്തിന് കാരണമാകും. എയർകണ്ടീഷണറിൻറെ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വെള്ള പാത്രങ്ങൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.