ടി.എസ്. കല്യാണരാമൻറെ ആത്മകഥ ”ദ ഗോൾഡൻ ടച്ച്” അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു

മുംബൈ: കല്യാൺ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമൻറെ ആത്മകഥ ദ ഗോൾഡൻ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡറുമായ അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങിൽ ടി.എസ്. കല്യാണരാമൻ ആത്മകഥയുടെ ആദ്യ പകർപ്പ് അമിതാഭ് ബച്ചന് കൈമാറി.

കല്യാൺ ജൂവലേഴ്സിൻറെ കഥയും ടി.എസ്. കല്യാണരാമൻറെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേർപിരിക്കാൻ കഴിയാത്തതുമാണെന്ന് ദ ഗോൾഡൻ ടച്ചിൻറെ പ്രകാശനം നിർവഹിച്ചു കൊണ്ട് അമിതാഭ് ബച്ചൻ പറഞ്ഞു. സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളിൽ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാർഡ്യവും പകർന്ന് നൽകുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ചെറിയ തുടക്കത്തിൽനിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളർന്നതിൻറെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തിൽ. ഒട്ടേറെ വെല്ലുവിളികളെയും തടസ്സങ്ങളെയും നേരിട്ട്, തീവ്രമായ ഉത്കർഷേച്ഛയോടെ മുന്നോട്ടു നീങ്ങിയതിൻറെ കഥകൾ ആകർഷകമായി കല്യാണരാമൻ ആത്മകഥയിൽ വിവരിക്കുന്നു.

സ്വന്തം തട്ടകമായ തൃശൂരിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാൻഡുകളിലൊന്നായി കല്യാൺ ജൂവലേഴ്സിനെ രൂപപ്പെടുത്തിയ കല്യാണരാമൻറെ സംരംഭകത്വ യാത്രയുടെ സാരാംശമാണ് ഈ പുസ്തകം. 1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാൺ ജൂവലേഴ്സ് ബ്രാൻഡായി വളർത്തിയെടുത്ത കഥ മനോഹരമായി ഈ പുസ്തകത്തിൽനിന്ന് വായിച്ചെടുക്കാം. കല്യാണരാമൻറെ സംരംഭക യാത്രയിലെ വെല്ലുവിളികളേയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയിൽ ഏറെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.

ദ ഗോൾഡൻ ടച്ചിലൂടെ കല്യാൺ ജൂവലേഴ്സിൻറെ കഥയാണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. സംരംഭകത്വത്തിലേയ്ക്കുള്ള യാത്രയുടെ കഥയാണിത്. ഈ ആത്മകഥ വായനക്കാർക്ക് പ്രചോദനകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.