ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് മടങ്ങി

മസ്കത്ത്: ഒമാനിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ മടങ്ങി. ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. ഫ്രാങ്ക് വാൾട്ടർ മടങ്ങിയത്.

ഒമാനിലെത്തിയ ജർമൻ പ്രസിഡൻറ് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. ജർമൻ പ്രസിഡൻറ് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു. വിവിധ ഒമാനി, ഇസ്‌ലാമിക വാസ്തുവിദ്യാ രൂപകല്പനകളെ അടിസ്ഥാനമാക്കിയാണ് മസ്ജിദ് നിർമ്മിച്ചതെന്ന് അദ്ദേഹത്തിന് വിശദീകരിച്ചു.

ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിനും ഭാര്യക്കും പ്രതിനിധി സംഘത്തിനും റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി നേതൃത്വം നൽകി. ജർമനിയിൽ നിന്നുള്ള മന്ത്രിമാർ,മറ്റ് ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പ്രസിഡൻറിനെ അനുഗമിച്ചിരുന്നത്.