സുഹാറിലേക്ക് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ

മസ്കത്ത്: ഒമാനിലെ സുഹാറിലേക്ക് എയർ അറേബ്യ സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സുഹാർ- ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.

ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തിച്ചേരും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് സർവീസുകൾ ഷെഡ്യൂളുകൾ ചെയ്തിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ഇതുവരെ ആരംഭിച്ചിട്ടില്ല.

എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സുഹാറിലിൽ നിന്ന്‌ എയർ അറേബ്യയിൽ യാത്ര പുറപ്പെടുന്നവർക്ക്‌ മിഡിൽ ഈസ്റ്റ്‌, ആഫ്രിക്ക, ഇന്ത്യൻ സെക്ടറുകൾ ഉൾപ്പടെ വിവിധ വിമാനത്താവളങ്ങളിലേക്ക്‌ ഷാർജ വഴിയാത്ര ചെയ്യാൻ അവസരം ലഭിക്കും.

സുഹാർ എയർപോർട്ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 302 ശതമാനം വരെയാണ്‌ വർധനനവുണ്ടായിരിക്കുന്നത്‌. കഴിഞ്ഞ വർഷം 1,422 പേരാണ്‌ സുഹാർ വഴി യാത്ര ചെയ്തത്‌. മുൻ വർഷം ഇതേ കാലയളവിൽ 354 ആയിരുന്നു യാത്രക്കാരുടെ എണ്ണം. വിമാനങ്ങളുടെ എണ്ണത്തിൽ 374 ശതമാനം വർധനയുണ്ടായി. മസ്കത്ത്‌, സലാല വിമാനത്താവളങ്ങളിലേക്ക്‌ എയർ അറേബ്യ നിലവിൽ സർവീസുകൾ നടത്തിവരുന്നുണ്ട്‌.