പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഒമാൻ

മസ്കത്ത്: ഒമാൻറെ പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽ നിന്ന് പകർത്തിയവയാണ് ചിത്രങ്ങൾ. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിൽ ആണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമാൻ-1 ഭൗമ ഭ്രമണപഥത്തിലേക്ക് ഷട്ടിൽ ചെയ്ത നിമിഷം മുതലുള്ള പ്രവർത്തനങ്ങളെയാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് ഒമാൻ ഉടമസ്ഥതയിലുള്ള എറ്റ്കോ സ്‌പേസ് പ്രസ്താവനയിൽ പറഞ്ഞു. ഉയർന്ന കാര്യക്ഷമതയോടെ ബഹിരാകാശ ചിത്രങ്ങളും മറ്റും സ്വീകരിക്കുന്നതിനുള്ള ഡൗൺസ്ട്രീം വിഭാഗത്തിന്റെ സന്നദ്ധതയെയും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ നംവംബർ 11ന് ആണ് അമാൻ ഒന്ന് വിജയകരമായി വിക്ഷേപിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയു മറ്റും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും. വിഷൻ 2040 ൻറെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.