മസ്‌കത്ത് വിമാനത്താവളത്തിൽ ഇ-ഗേറ്റുകളുടെ തകരാർ; യാത്രക്കാർ കാത്തിരിന്നത് മണിക്കൂറുകൾ

മസ്‌കത്ത്∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ മണിക്കൂറുകൾ കാത്തിരിന്നു. പല സമയങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ് ഉണ്ടായത്. നാട്ടിൽ നിന്ന് മടങ്ങിയെത്തുന്നവരും സന്ദർശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ വരെയാണ് ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തുവരുന്നതിനായി കാത്തുനിന്നത്.

നിരവധി വിമാനങ്ങളെത്തുന്ന രാത്രിയിലും രാവിലെയുള്ള സമയങ്ങളിലുമാണ് വളരെ നീണ്ടനിര കൗണ്ടറുകൾക്ക് മുന്നിൽ രൂപപ്പെടുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളുമായെത്തുന്നവരും ഇതുമൂലം പ്രയാസപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ നിന്ന് രാത്രി മസ്‌കത്ത് വിമാനത്താവളത്തിൽ വന്നിറിങ്ങിയ മലയാളികൾ അടക്കമുള്ള യാത്രക്കാർ പുറത്തിറങ്ങിയത് പുലർച്ചെ സമയത്താണ്. ഇവരെ കൊണ്ടുപോകാൻ വരുന്നവർ മണിക്കൂറുകളാണ് പുറത്ത് കാത്തുനിന്നത്. ഇത്രയും സമയം വാഹന പാർക്കിങ് ഫീസ് ഇനത്തിലും വലിയ തുക പുറത്തു നിൽക്കുന്നവർക്കും നൽകേണ്ടിവരുന്നത്.

പാസ്‌പോർട്ട് സ്റ്റാംപിങ്ങിനുവേണ്ടിയുള്ള സ്വദേശികളുടെയും റസിഡൻറ് വീസക്കാരുടെയും കാത്തുനിൽപ്പ് ഒഴിവാക്കാനാണ് റോയൽ ഒമാൻ പൊലീസ് ഇഗേറ്റുകൾ സ്ഥാപിച്ചത്. എന്നാൽ, ഇവ തകരാറിൽ ആയതിനാൽ യാത്രക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുന്നില്ല. ഇഗേറ്റ് തകരാർ മൂലമുള്ള കാത്തുനിൽപ്പ് ഒഴിവാക്കാൻ യാത്രക്കാർ ട്രാഫിക് പിഴകളോ വീസ സംബന്ധിച്ച പിഴകളോ ഉണ്ടെങ്കിൽ അവ നേരത്തെ പരിഹരിച്ച് വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യമായ രേഖകളെല്ലാം കൃത്യമായി കയ്യിൽ കരുതണമെന്നും അധികൃതർ വ്യക്തമാക്കി.