മസ്‌കത്ത്: റുസ്താഖിലെ വാദി ബനീ ഗാഫിറിൽ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുട്ടികൾ ഒഴുക്കിൽപെടുന്നത്. ഇവർക്കായുള്ള തിരച്ചിലിനിടെ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
അതേസമയം വിവിധ ഗവർണറേറ്റുകളിലായി വാദിയിൽ അകപ്പെട്ട കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മഴ തുടരുകയാണ്. ഇന്നലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ ലഭിച്ചു. നിലയ്ക്കാതെ മഴ പെയ്തതോടെ താപനിലയും കുത്തനെ താഴ്ന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകൾക്കും അവധി നൽകിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇന്നും (ചൊവ്വ) അവധി പ്രഖ്യാപിച്ചു. അതേസമയം, അൽ വുസ്തയിലും ദോഫാറിലും സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.