ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായി 19-ാം സ്ഥാനത്താണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് എത്തിയത്. ലൂയിസ് വിട്ടോൺ (Louis Vuitton) ആണ് ഒന്നാം സ്ഥാനത്തെത്തിയത്.
മലബാർ ഗോൾഡ് & ഡയമണ്ട്സിന് പുറമെ മറ്റ് നിരവധി ഇന്ത്യൻ വാച്ച്, ജ്വല്ലറി ബ്രാൻഡുകളും ടോപ് 100ൽ ഇടം നേടിയിട്ടുണ്ട്. ടൈറ്റൻ കമ്പനി ലിമിറ്റഡ് 24-ാം സ്ഥാനത്തും, കല്യാണ് ജ്വല്ലേഴ്സ്, ജോയ് ആലുക്കാസ് എന്നീ ബ്രാൻഡുകൾ യഥാക്രമം 46, 47- എന്നീ സ്ഥാനങ്ങളും നേടി. സെൻകോ ഗോൾഡ് & ഡയമണ്ട്സ് 78-ാം സ്ഥാനവും, തങ്കമയിൽ ജ്വല്ലറി 98-ാം സ്ഥാനവും സ്വന്തമാക്കി.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 13 രാജ്യങ്ങളിലായി 340-ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ വിപുലമായ റീട്ടെയിൽ ശൃംഖലയും, റീട്ടെയിൽ ജ്വല്ലറി വ്യവസായ രംഗത്തെ ശക്തമായ സ്വാധീനവും ബ്രാൻഡിന്റെ റാങ്കിങ്ങ് മികച്ച നിലയിലേക്ക് ഉയർത്താൻ സഹായകമായി.