മസ്‌കറ്റിൽ നിന്ന് ഷാർജയിലേക്ക് മുവസലാത്ത് ബസ് സർവീസ് ആരംഭിച്ചു

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള മുവസലാത്ത് ബസ് സർവീസ് ആരംഭിച്ചു. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്ത് വഴിയാണ് സർവീസ് നടത്തുന്നത്.

203 കിലോമീറ്ററാണ് (മസ്‌കറ്റ് – ഷാർജ) ബസ്സ് സർവീസ് നടത്തുന്നത്. ദിവസേന രണ്ട് സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. മസ്‌കത്ത് ഗവർണറേറ്റിലെ അസൈബയിലെ ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ നിന്നാണ് ബസ് സർവീസ് ആരംഭിച്ചത്.

സർവീസ് ആരംഭിച്ച് ആദ്യ ആഴ്‌ചയിൽ തന്നെ യാത്രകൾ പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കുമെന്നും ഈ റൂട്ട് ഒമാൻ സുൽത്താനേറ്റിലെ മറ്റ് ഗതാഗത റൂട്ടുകളുമായുള്ള സംയോജനം വർദ്ധിപ്പിക്കുമെന്നും മുവസലാത്ത് വിശദീകരിച്ചു.