ഒമാനിൽ വ്യാഴാഴ്ച മുതൽ താപനിലയിൽ പ്രകടമായ കുറവുണ്ടാകും: കാലാവസ്ഥ കേന്ദ്രം

മസ്‌കറ്റ്: ഫെബ്രുവരി 29 വ്യാഴാഴ്ച വൈകുന്നേരം മുതൽ മാർച്ച് 3 ഞായറാഴ്ച വരെ ഒമാനിൽ താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യമാണ് താപനിലയിൽ കുറവ് വരാൻ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളിയാഴ്ച വരെ ഒമാൻ സുൽത്താനേറ്റിനെ ന്യുനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. വടക്കൻ അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ, ദക്ഷിണ അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ന്യുനമർദ്ദം മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

മുസന്ദത്തിൻ്റെ പടിഞ്ഞാറൻ തീരത്തും ഒമാൻ കടലിൻ്റെ തീരത്തും താപനിലയിൽ പ്രകടമായ ഇടിവോടെ കടൽ തിരമാല ഉയരാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു.