ജനശ്രദ്ധ നേടി ഒ​മാൻ- റിയാദ് ബസ് സർവീസ്

മസ്കത്ത്: ഒ​മാൻ- റിയാദ് ബസ് സർവീസിന് സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്നു. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്.

മ​സ്ക​ത്തി​ൽ​ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ബ​സ് സ​ർ​വി​സ് ക​ഴി​ഞ്ഞ മാ​സമാണ് ആ​രം​ഭി​ച്ചത്. ഉം​റ യാ​ത്ര ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ട്രാ​വ​ൽ ഏ​ജ​ന്റു​ക​ളെ​യോ ഉം​റ ഗ്രൂ​പ്പു​ക​ളെ​യോ ആ​ശ്ര​യി​ക്കാ​തെ യാ​ത്ര ന​ട​ത്താ​ൻ ഈ ​സ​ർ​വിസ് സ​ഹാ​യ​ക​മാ​വും. മ​സ്ക​ത്തി​ൽ ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും ബസ് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഖ​ൻ​ജ​രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​ ത​യാ​റെ​ടു​ക്കു​ന്നുണ്ട്. ഖ​രീ​ഫ് കാ​ല​ത്ത് സ​ലാ​ല ബ​ഹ്റൈ​ൻ ബ​സ് സ​ർ​വി​സും ദ​മാം മ​സ്ക​ത്ത് സ​ർ​വി​സും ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെന്നും ഖ​ൻ​ജ​രി ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ ​വ്യക്തമാക്കി.

മ​സ്ക​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ 20 മുതൽ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ റി​യാ​ദി​ൽ എ​ത്താ​നാ​വും. നി​ല​വി​ൽ വ​ൺ​വേ​ക്ക് 25 റി​യാ​ലാ​ണ് നി​ര​ക്ക്. വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​തി​ന്റെ മൂ​ന്നി​ര​ട്ടി​യോ നാ​ലി​ര​ട്ടി​യോ ന​ൽ​കേ​ണ്ടി വ​രും. ഒ​മാ​ൻ സൗ​ദി റൂ​ട്ടി​ൽ എം​റ്റി ക്വാ​ർ​ട്ട​റി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 53,000 പേ​രാ​ണ് ഉം​റ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​തി​ൽ 14,000 പേ​രും എം​റ്റി ക്വാ​ർ​ട്ട​ർ വ​ഴി​യാ​ണ് ഉം​റ​ക്ക് പോ​യ​ത്.