മസ്‌കത്ത്-കണ്ണൂർ: എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു

മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ മസ്‌കത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ പ്രതിദിന സർവീസുകളായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 9.45ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.45ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം 8.15നും കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്നു തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 6.45ന് പുറപ്പെടുമെന്ന വിമാനം പ്രാദേശിക സമയം 8.45ന് മസ്‌കത്തിലെത്തും. വെള്ളി രാത്രി 12.20ന് പുറപ്പെട്ട് 2.20ന് മസ്‌കത്തിലെത്തും. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സപ്രസ് എല്ലാ ദിവസവും ഉച്ചക്ക് 12.15ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് തിരുവനന്തപുരത്തെത്തും. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് മസ്‌കത്തിൽ എത്തും.