ഒമാനിലെ ഏറ്റവും വലിയ മൃഗശാല ചെറിയ പെരുന്നാൾ രണ്ടാം ദിവസം തുറക്കും

മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ മൃഗശാല വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിൽ പെരുന്നാളിന്റെ രണ്ടാം ദിവസം പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് ‘സഫാരി വേൾഡ്’ എന്റർടെയ്‌നേഴ്‌സ് അറിയിച്ചു. 150,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ‘സഫാരി വേൾഡ്’ മൃഗശാല വലുപ്പത്തിലും മൃഗങ്ങളുടെ എണ്ണത്തിലുമാണ് രാജ്യത്തെ ഏറ്റവും വലുതെന്ന പദവി വഹിക്കുന്നത്.

വാട്ടർ തീം പാർക്ക്, കുടുംബങ്ങൾക്കായുള്ള വിനോദ കേന്ദ്രവും ഈ മൃഗശാലയുടെ ഭാഗമാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി പ്രത്യേക ദിവസങ്ങളും ഉണ്ടായിരിക്കും. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300-ലധികം മൃഗങ്ങളാണ് മൃഗശാലയിലുണ്ടാകുകയെന്നാണ് മൃഗശാലയുടെ പ്രമോട്ടർമാർ പറയുന്നത്.

പെരുന്നാൾ കഴിഞ്ഞാൽ മൃഗശാലയിൽ കടുവ, സിംഹം, മാനുകൾ, പക്ഷികൾ, മറ്റ് ജീവികൾ തുടങ്ങിയവയുണ്ടാകുമെന്ന് വിദ്യാഭ്യാസ വിദഗ്ദനും മൃഗശാലയുടെ പ്രൊമോട്ടറുമായ ഖൽഫാൻ സയീദ് അൽ മമരി പറഞ്ഞതായി ഒമാൻ ഡെയ്‌ലി ഒബ്‌സർവർ റിപ്പോർട്ട് ചെയ്തു. മൃഗശാല ഒമാൻ വിനോദ സഞ്ചാര മേഖലക്ക് വലിയ മുതൽ കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദേശത്തുള്ള മൃഗങ്ങളും ജിസിസിയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള മൃഗങ്ങളാണ് മൃഗശാലയിലുണ്ടാകുക.