ഒമാനിൽ പുകയില ഉത്പന്നങ്ങളുടെ പാക്കിങ് ഇനി ലളിതം; തീരുമാനം വൈകാതെ നടപ്പിലാകും

മസ്‌കത്ത്: ഒമാനിൽ പുകയില ഉൽപനങ്ങൾക്ക് ആകർഷണം തോന്നാത്ത വിധത്തിൽ ലളിതമായ പാക്കിങ് നടപ്പാക്കാൻ തീരുമാനം. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്. ഒമാൻ ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തെയും രാജ്യവുമാണ് .

പുകയില ഉൽപനങ്ങളുടെ പാക്കിങ്ങിലെ എല്ലാ ഡിസൈനുകളും അവകാശവാദങ്ങളും പ്രൊമോഷണൽ അടയാളങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പാക്കിങ് രീതിയിലുടെ ഒമാൻ അധികൃതർ ഉദ്ദേശിക്കുന്നത്. അതേസമയം നിറം, ഫോണ്ട് തരം,വലുപ്പം എന്നിവ സംബന്ധിച്ച പ്രത്യേക നിയന്ത്രണങ്ങൾക്ക് കീഴിൽ ബ്രാൻഡ് നാമം നിലനിർത്തും.

പുകയില ഉൽപന്നങ്ങളുടെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും നിലവിലുള്ള സ്റ്റോക്ക് വിനിയോഗിക്കുന്നതിനും 16 മാസത്തെ ഗ്രേസ് പിരീഡ് നൽകിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ആകർഷണം കുറക്കുക, പരസ്യത്തിൻറെ രൂപമായി പുകയില പാക്കേജിങിനെ എതിർക്കുക തുടങ്ങിയവയാണ് പ്ലെയിൻ പാക്കിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. ടെക്സ്റ്റ്, ഇമേജുകൾ, സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെ പാക്കേജിൻറെ ഉപരിതലത്തിന്റെ 65 ശതമാനമെങ്കിലും ഉൾക്കൊള്ളുന്ന തരത്തിൽ ആരോഗ്യ മുന്നറിയിപ്പുകളും നൽകണം.

പ്ലെയിൻ പാക്കിങ് കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും പുകയില ഉപഭോഗം ഫലപ്രദമായി കുറക്കുമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്ലെയിൻ പാക്കേജിങ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 1,000 റിയാൽ പിഴയും ആവർത്തിച്ചാൽ ഇരട്ടി പിഴയും ചുമത്തും.