“ഹൗസ് ഓഫ് വണ്ടേഴ്സ്” : ഒമാന്റെ സംസ്കാരം വിളിച്ചോതുന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം

സാൻസിബാറിലെയും കിഴക്കൻ ആഫ്രിക്കയിലെയും ഒമാനി സാന്നിധ്യം ഉൾക്കൊള്ളുന്ന “ഹൗസ് ഓഫ് വണ്ടേഴ്സ്” എന്ന ഡോക്യുമെൻ്ററി ഒമാനിൽ പ്രദർശിപ്പിച്ചു. മസ്‌കറ്റ്, ദോഫാർ, അൽ ദഖിലിയ ഗവർണറേറ്റുകളിലെ സിനിമാ ഹാളുകളിലാണ് പ്രദർശിപ്പിച്ചത്. 10 ,12 ഗ്രേഡുകളിലെ സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്.

ഒമാനി ചരിത്രത്തിൻ്റെ സുപ്രധാന വശങ്ങളെക്കുറിച്ചും കിഴക്കൻ ആഫ്രിക്കയിലെ ഒമാനികളുടെ സംസ്കാരത്തെ കുറിച്ചും സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.

കിഴക്കൻ ആഫ്രിക്കയിലെ രാഷ്ട്രീയ, വാണിജ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ഒമാനികളുടെ സാംസ്കാരിക സംഭാവനകളെ കേന്ദ്രീകരിച്ചാണ് നിസ്വ മാഗസിൻ പ്രതിനിധീകരിച്ച് ഇൻഫർമേഷൻ മന്ത്രാലയം നിർമ്മിച്ച ഡോക്യുമെൻ്ററി. അറബി, ഇംഗ്ലീഷ്, സ്വാഹിലി എന്നീ മൂന്ന് ഭാഷകളിലായി 50 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് ഭാഗങ്ങളായാണ് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. സാൻസിബാർ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ഒമാൻ സുൽത്താനേറ്റ് എന്നിവിടങ്ങളിലെ ലൊക്കേഷനുകൾ ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് സിനിമകൾ ചിത്രീകരിച്ചത്.