വിനോദ സഞ്ചാരികളുടെ റുവിയിലെ പ്രധാന ആകർഷണമായ റൂവി ക്ലോക്ക് ടവർ മുഖം മിനുക്കുന്നു. വാട്ടർ ഫൗണ്ടൻ അടക്കമുള്ളവ നവീകരിക്കാനായി ക്ലോക്ക് ടവർ മസ്കത്ത് മുനിസിപ്പാലിറ്റി നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ ചെടികൾ വെച്ചു പിടിപ്പിച്ചും മറ്റും പുന്തോട്ടത്തെ മനോഹരമാക്കും.
റുവിയിലെ എം.ബി.ഡി ഏരിയയിൽ ഒമാൻ സെക്യൂരിറ്റി മാർക്കറ്റിനോട് ചേർന്ന് നിൽക്കുന്ന ക്ലോക്ക് ടവറും ചെറിയ പൂന്തോട്ടവും റൂവി മേഖലയിലുള്ളവരുടെ പ്രധാന വിനോദ കേന്ദ്രമാണ്. റൂവിയിലെ പ്രധാന ഐക്കണായ ക്ലോക്ക്, നഗരത്തിൻറെ കണ്ണായ സ്ഥലത്ത് 1991ലാണ് നിർമിക്കുന്നത്.
ഒമാനിലെ പ്രധാന നിർമാണ കമ്പനിയായ ഗൾഫാർ എൻജിനീയറിങ് ആൻഡ് കാൺസട്രക്റ്റിങ് കമ്പനിക്കായിരുന്നു ഇതിന്റെ ചുമതല. മസ്കത്ത് മുനിസിപ്പാലിറ്റി 120 ദിവസമായിരുന്നു നിർമാണ സമയം അനുവദിച്ചിരുന്നത്. രാവും പകലുമായി മൂന്ന് ഷിഫ്റ്റുകളായി ജോലി ചെയ്ത് 105 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി. ആധുനിക ഒമാന്റെ പഴയ സ്മാരകം എന്നാണ് ക്ലോക്ക് ടവർ അറിയപ്പെടുന്നത്.