ഒമാനിലെ ജയിലിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖ് (45) ആണ് സമാഇ ലിൽ ജയിലിൽ നാലു ദിവസങ്ങൾക്ക് മുൻപ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

ഇദ്ദേഹത്തെ ജയിലിൽ നിന്ന് പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണ വിവരം കെ. എം. സി. സി. യെ അറിയിക്കുന്നത്. പിന്നീട് കെ. എം. സി. സി. പ്രവർത്തകർ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നാല് മാസങ്ങള്ക്ക് മുൻപാണ് അബ്ദുൽ റസാഖ് ജയിലിലാകുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. സീബിൽ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന കട നടത്തി വരികയായിരുന്നു.

കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആറു വർഷമായി നാട്ടിലേക്ക് പോയിട്ട്. മൃതദേഹം റോയൽ ഒമാൻ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പിതാവ് അഹമ്മദ് കുട്ടി. മാതാവ് കദീസ കുട്ടി.