ഒമാനിൽ പുതിയ വിമാനക്കമ്പനി തുടങ്ങാൻ ആലോചന

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന ബജറ്റ് വിമാനക്കമ്പനി തുടങ്ങാൻ ഒമാൻ ആലോചിക്കുന്നു. അതിനു ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ അതോറിറ്റി (സി. എ. എ.) പ്രഖ്യാപിച്ചു.

താല്പര്യമുള്ള കമ്പനികളിൽനിന്നും നിക്ഷേപവും ക്ഷണിച്ചു. നിലവിൽ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിനു പുറമെ ബജറ്റ് വിമാനമായ സലാം എയർ ഉണ്ട്. ഇതിനു പുറമെയാണ് മൂന്നാമതൊരു കമ്പനിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ആലോചിക്കുന്നത്.

പുതിയ എയർ ലൈൻസിന്റെ വിശദംശങ്ങൾ സി. എ. എ. ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് മഹാമാരിക്ക് ശേഷം ട്രാവൽ ടൂറിസം മേഖലയിലെ വളർച്ചക്ക് സുപ്രധാന പങ്ക് വഹിച്ചത് ഒമാൻ ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് മേഖലയാണെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ രാജ്യങ്ങളെല്ലാം പ്രൊമോഷണൽ കമ്പനികൾ നടത്തിവരുന്നുണ്ട്. എന്നാൽ കണക്ടിവിറ്റി ഒരു പ്രധാന പ്രശ്നമാണെന്ന് പൈതൃക ടൂറിസം മന്ത്രാലയവും ചൂണ്ടിക്കാണിക്കുന്നു. സ്പെയിനിലും മറ്റ് രാജ്യങ്ങളിലും ഒമാനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടത്ര കാര്യങ്ങളും ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ചൈനയിലെയും യൂറോപ്പിലെയും സാധ്യതയുള്ള നിരവധി വിപണികളിലേക്ക് ഇപ്പോഴും ഓമനിൽനിന്ന് നേരിട്ടുള്ള വിമാനങ്ങളൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് മഹാമാരിക്ക് ശേഷം 2022-2023 നും ഇടയിൽ വിമാന സഞ്ചാരത്തിൽ 35 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. മസ്കറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനം ഉയർച്ചയും വന്നു. ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിട്ടി ചെയർമാൻ നായിഫ് അൽ അബ്രി വ്യക്തമാക്കിയിരുന്നു. അവയിൽ മിക്കതും 2028-2029 ഓടെ പ്രവർത്തനക്ഷമമാകും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എർണ്ണം 13 ആയി ഉയരും. ഇത് വിമാന സഞ്ചാര ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കും. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 50 ദശലക്ഷമായി ഉയരും. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്കറ്റ് വിമാനത്താ വളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലെ പുതിയ ടെർമിനൽ യാഥാർഥ്യമാക്കി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനു പുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങൾ കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നേടുന്നതിന് സഹായിക്കും. സുഹർ സലാല എന്നീ വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് ലോജിസ്റ്റിക് ടൂറിസം മേഖലകൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.