മസ്കത്ത്: ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. 2023നെ അപേക്ഷിച്ച് ഇത്തവണത്തെ സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 11 ശതമാനത്തിൻറെ വർധനവാണുണ്ടായത്. ദോഫാർ ഗവർണറേറ്റിൻറെ മികച്ച ടൂറിസം പദ്ധതിയാണ് ഖരീഫെന്നും സ്വദേശികളും വിദേശികളുമായി ധാരാളം യാത്രക്കാർ വരും ദിവസങ്ങളിൽ സലാല എയർപോർട്ട് വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സലാല എയർപോർട്ട് വൈസ് പ്രസിഡൻറ് സക്കരിയ്യ ബിൻ യാകൂബ് അൽ ഹറാസി പറഞ്ഞു.
ഒമാനിലെ ഗവർണറേറ്റുകളിൽ ടൂറിസം സീസൺ ആരംഭിക്കുന്നതോടെ പ്രത്യേകിച്ച് ഖരീഫ് സീസൺ തുടങ്ങുന്നതിന് മുമ്പായി തന്നെ സഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും എയർപോർട്ടുകൾ ഒരുക്കാറുണ്ട്. ഖരീഫ് സീസൺ ആരംഭിച്ചതോടെ 18 സ്ഥലങ്ങളിൽ നിന്ന് 10 ഇൻറർനാഷനൽ എയർലൈൻസുകളാണ് സലാലയിലേക്ക് നേരിട്ട് സർവിസ് നടത്തുന്നത്.