ഒമാനിൽ പേരക്കയും വിളയും. ദങ്ക് വിലായത്തിൽ നിന്ന് ഈ വർഷം ലഭിച്ചത് മികച്ച വിളവ്. വാണിജ്യാടിസ്ഥാനത്തിൽ പേര മരങ്ങൾ വെച്ച് പിടിപ്പിക്കാനുള്ള പദ്ധതി ഗ്രാമ വാസിയായ സാലിം അൽ അസീസിയാണ് ആരംഭിച്ചത്. നാല് വർഷം മുമ്പ് നട്ടു വളർത്തിയ അദ്ദേഹത്തിൻറെ പേര മരങ്ങളിലാണ് ഇപ്പോൾ വിളവെടുപ്പ് കഴിഞ്ഞത്.
തൻറെ വളക്കൂറുള്ള ഫാമിൽ പേരക്ക വിളഞ്ഞ് നിൽക്കുന്നത് കാണുകയെന്നത് വലിയ സ്വപ്നമായിരുന്നുവെന്നാണ് സാലിം അൽ അസീസി പറയുന്നത്. ഒമാൻ മറ്റ് കൃഷികളെ പോലെ പേരക്കക്കും പറ്റിയ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ വാണജ്യാടിസ്ഥാനത്തിൽ പേരക്ക കൃഷി നടത്തുന്ന ആദ്യ കർഷകൻ കൂടിയാണദ്ദേഹം.
നാലു വർഷം മുമ്പ് തൻറെ അസീസി ഫാമിൽ 100 പേരക്ക തൈകളാണ് അദ്ദേഹം നട്ടത്. ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പേര തൈകളാണ് നട്ടു വളർത്തിയത്. ഒമാൻറെ കലാവസ്ഥക്ക് പറ്റിയ പേരത്തൈകൾ തെരഞ്ഞെടുക്കുന്നതിന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയത്തിൻറെ നിർദേശവും അദ്ദേഹം തേടിയിരുന്നു. മൊത്തം നാലര ടൺ പേരക്കയാണ് ഈ വർഷം വിളവെടുത്തത്.