ഷിരൂർ മണ്ണിടിച്ചിൽ: 71-ാം ദിവസം മൃതദേഹം കണ്ടെത്തുമ്പോൾ…വേദനനായി അർജുൻ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായി 71-ാം ദിവസമാണ് അർജുന്റെ ലോറി കണ്ടെത്താൻ കഴിഞ്ഞത്. ദിവസങ്ങളായുള്ള തെരച്ചിലിനാണ് ഇന്ന് അവസാനമുണ്ടായിരിക്കുന്നത്. ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ ക്യാബിൻ പുറത്തെടുത്തു. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്.

ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം പുറത്തെടുത്തു. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പുറത്തെടുത്തത് അർജുന്റെ ലോറി തന്നെയാണെന്ന് സഹോദരി ഭർത്താവ് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 16 നാണ് അർജുനെ കാണാതായത്. ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയും നദിയുടെ ഒഴുക്കും കാരണം പല തവണ തെരച്ചിൽ നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.