വേനൽക്കാല ഉച്ചസമയ വർക്ക് പെർമിറ്റ്; അപേക്ഷ ഏപ്രിൽ 5 മുതൽ സമർപ്പിക്കാമെന്ന് ഒമാൻ

മസ്‌കത്ത്: വേനൽക്കാല മാസങ്ങളിൽ (ജൂൺ, ജൂലൈ, ആഗസ്റ്റ്) ഉച്ചസമയങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതായി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുൽത്താനേറ്റിലെ ബിസിനസ്സ് ഉടമകൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ എംപ്ലോയേഴ്‌സ് ഇ-സർവീസസ് പോർട്ടൽ വഴി ഏപ്രിൽ 5 മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ പറഞ്ഞു.

അപേക്ഷാ വിൻഡോ മെയ് 31 വരെ തുറന്നിരിക്കും. ഒമാനിൽ അവശ്യ പ്രവർത്തനങ്ങൾ നിലനിർത്താനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ പെർമിറ്റുകൾ അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായുള്ള സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, യോഗ്യരായ സ്ഥാപനങ്ങൾക്ക് ഉച്ചസമയങ്ങളിൽ പ്രവർത്തനം തുടരാൻ ഈ നടപടി അനുവാദം നൽകുന്നതാണ്. അപേക്ഷാ സമയപരിധി കർശനമായി പാലിക്കാനും ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം ഉടമകൾക്ക് നിർദ്ദേശം നൽകി.