
മസ്‌കത്ത്: ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്കായി നിക്ഷേപകർ ലൈസൻസില്ലാത്ത സ്ഥാപനങ്ങളെ സമീപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്.
നിക്ഷേപകരെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനും അതോറിറ്റി ആരംഭിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ പണം നഷ്ടപ്പെടാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും കാരണമാകും. ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരിരക്ഷ ഉണ്ടാകില്ലെന്നും എഫ്എസ്എ അറിയിച്ചു.
വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിൽ ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് സ്ഥാപനത്തിന് ഒമാനിൽ പ്രവർത്തിക്കാൻ ആവശ്യമായ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളുടെ പട്ടിക പരിശോധിക്കാൻ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




