
മസ്കത്ത്: രാജ്യത്ത് അനധികൃതമായി മരങ്ങൾ മുറിക്കുന്നതും അനുമതിയില്ലാതെ വിറക് കൈവശം വെയ്ക്കുന്നതും തടയാൻ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഒമാൻ പരിസ്ഥിതി മന്ത്രാലയം. നിയമലംഘനം നടത്തിയെന്ന് ഉറപ്പായാൽ വിറക് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളിൽ വിറക് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സംശയങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
ഒമാനിൽ നിലവിലുള്ള നിയമമനുസരിച്ച് മരംമുറിക്കുന്നതിനും കരി നിർമാണത്തിനും പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള മരംമുറി, പ്രൊഫഷണൽ ആവശ്യങ്ങൾക്കുള്ള മരംവെട്ട്, വിറകും കരിയും വിൽക്കൽ, കടത്തൽ, ഹീറ്റിങ് ആവശ്യങ്ങൾ എന്നിവയ്ക്ക് നിശ്ചിത മാനദണ്ഡങ്ങൾക്കും ഫീസിനും വിധേയമായി വെവ്വേറെ പെർമിറ്റുകൾ ലഭ്യമാണ്. ഇതനുസരിച്ച് ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ വിറക് ശേഖരിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
അതേസമയം, അനുമതിയുള്ള അളവിലും കൂടുതൽ വിറക് സൂക്ഷിക്കുകയോ, വിറകിന്റെ നിയമപരമായ ഉറവിടം തെളിയിക്കാൻ സാധിക്കാതെ വരികയോ ചെയ്താലും നിയമലംഘനമായി കണക്കാക്കും. പിടിച്ചെടുക്കുന്ന വിറകും കരിയും അതിനായി ഉപയോഗിച്ച ഉപകരണങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തുകയും നിയമപരമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും. ഇത്തരം വസ്തുക്കൾ ഏതെങ്കിലും വ്യക്തികൾക്കോ ഉദ്യോഗസ്ഥർക്കോ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല. നിയമത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ച് പിടിച്ചെടുത്ത വസ്തുക്കൾ വിറ്റഴിക്കുന്നതിനോ മറ്റ് നിയമപരമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനോ അതോറിറ്റിക്ക് അധികാരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.




