ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി തിരഞ്ഞെടുപ്പ്; പ്രചാരണ ചട്ടങ്ങൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി തിരഞ്ഞെടുപ്പിനുള്ള പ്രചാരണ ചട്ടങ്ങൾ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾക്ക് പരമാവധി 15 പരസ്യബോർഡുകൾ മാത്രമേ സ്ഥാപിക്കാൻ പാടുള്ളുവെന്നാണ് പ്രചാരണ ചട്ടങ്ങളിലെ പ്രധാന നിർദ്ദേശം. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സമ്മാനങ്ങളോ സംഭാവനകളോ മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യാനും പാടില്ല. അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് മുതൽ പ്രചാരണം ആരംഭിക്കാം.

എന്നാൽ, വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം പ്രചാരണം അവസാനിപ്പിക്കണം. മത്സരിക്കുന്ന ബ്രാഞ്ച് പരിധിയിൽ മാത്രമേ പ്രചാരണം അനുവദിക്കൂ. വാഹനങ്ങളിൽ പരസ്യം പതിപ്പിക്കാൻ പാടില്ല. ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, തിരഞ്ഞെടുപ്പ് ലോഗോ, മത-ഗോത്ര ചിഹ്നങ്ങൾ, പ്രമുഖ വ്യക്തികളുടെ പേരുകളോ ചിത്രങ്ങളോ എന്നിവ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു.

മാധ്യമങ്ങൾ വഴി പ്രചാരണം നടത്താമെങ്കിലും, പരസ്യങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്ഥാനാർത്ഥിക്കാണ്. അടുത്ത നാല് വർഷത്തേക്കുള്ള ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രതിനിധികളെയാണ് അംഗങ്ങൾ തിരഞ്ഞെടുക്കുന്നത്. സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വോട്ടെടുപ്പ്. ഇതോടെ പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്താതെ തന്നെ ഒമാനിനകത്തും പുറത്തുമുള്ള യോഗ്യരായ വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാം.