ഫർണിച്ചർ നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത മരം ഉപയോഗിച്ചു; ഷിനാസിൽ സ്ഥാപനത്തിനെതിരെ നടപടി

മസ്‌കത്ത്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള ഷിനാസിൽ ഫർണിച്ചർ നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത, പഴകിയതും ദ്രവിച്ചതുമായ മരത്തടികൾ ഉപയോഗിച്ച ഫാക്ടറി അധികൃതർ പിടികൂടി. ഒമാനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CPA) ഷിനാസ് ഓഫീസിലെ പരിശോധനാ സംഘമാണ് ഇതുസംബന്ധിച്ച നടപടിയെടുത്തത്.

ഷിനാസ് വിലായത്തിലെ വ്യവസായ മേഖലയിൽ നടത്തിയ പരിശോധനയിൽ, വീടുകളിലേക്കുള്ള സോഫകളും കട്ടിലുകളും നിർമ്മിക്കാൻ പഴകിയതും ഉപയോഗശൂന്യവുമായ മരത്തടികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഏകദേശം 200 കഷണം പഴകിയ മരത്തടികളും, ഇവ ഉപയോഗിച്ച് നിർമ്മിച്ച 37 കട്ടിലുകളും 37 സോഫകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അധികൃതർ നിയമനടപടികൾ സ്വീകരിച്ചു.