
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റും വെള്ളപ്പൊക്ക ജലപ്രവാഹ ചാലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 1,297,700 ഒമാനി റിയാൽ (ഏകദേശം 1.3 ദശലക്ഷം റിയാൽ) ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. കനത്ത മഴയെയും വാദികൾ കരകവിഞ്ഞൊഴുകുന്നതിനെയും തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും, വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളുടെയും പൊതുസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പ്രധാനമായും രണ്ട് മേഖലകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
* സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് – അൽ അൻവാർ സ്ട്രീറ്റ് മേഖല.
ഗാല പ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം തിരിച്ചുവിടുന്നതിനായി 2.4 കിലോമീറ്റർ നീളത്തിൽ തുറന്ന ചാൽ നിർമ്മിക്കുന്നു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അടിയിലുള്ള പൈപ്പുകൾ വഴി കടന്നുപോകുന്ന ഈ ശൃംഖലയിൽ അൽ അൻവാർ സ്ട്രീറ്റ് പ്രവേശന കവാടത്തിലും സമീപത്തെ പെട്രോൾ സ്റ്റേഷന് അടുത്തും പുതിയ ബോക്സ് കൾവെർട്ടുകളും നിർമ്മിക്കുന്നുണ്ട്.
* നവംബർ 18 സ്ട്രീറ്റ് – അൽ അസൈബ ബീച്ച് പാർക്ക് മേഖല.
നവംബർ 18 സ്ട്രീറ്റിന് കുറുകെ ബോക്സ് കൾവെർട്ടുകൾ നിർമ്മിക്കുകയും, അൽ അസൈബ ബീച്ച് പാർക്കിലൂടെ കടന്നുപോകുന്ന 320 മീറ്റർ നീളമുള്ള തുറന്ന ചാലുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 312 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചാലും നിർമ്മിക്കുന്നുണ്ട്.
2026 അവസാനത്തോടെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് മസ്കത്ത് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.



