
മസ്‌കത്ത്: ഒമാനിലെ മസീറ തീരത്ത് രണ്ട് നീലത്തിമിംഗലങ്ങളെ കണ്ടെത്തി. മസീറ ദ്വീപിന്റെ വടക്കൻ തീരങ്ങളിലാണ് രണ്ട് നീലത്തിമിംഗലങ്ങളെ കണ്ടെത്തിയത്. മസീറ മേഖലയിൽ ബ്ലൂവെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെ കാണുന്നത് അപൂർവ്വമാണെന്ന് മസീറ എൻവയോൺമെന്റ് സെന്ററിലെ എൻവയോൺമെന്റൽ കൺട്രോൾ സൂപ്പർവൈസർ ഖാസി ഹമദ് അൽ ഫാർസി വ്യക്തമാക്കി. വലിയ തിമിംഗലങ്ങൾക്കുള്ള സ്വാഭാവിക വാസസ്ഥലമായും അവയുടെ സഞ്ചാരപാതയായും ഒമാൻ കടലിന്റെ പ്രാധാന്യം തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.
സമുദ്ര സസ്തനികളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളുടെ പ്രാധാന്യവും ഇത് ശക്തിപ്പെടുത്തുന്നു. അതേസമയം, വലിയ തിമിംഗലങ്ങൾ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്ന് പ്രാദേശിക പഠനങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പലുകൾ ഇടിക്കുന്നതും മത്സ്യബന്ധന ഉപകരണങ്ങളിലും വലകളിലും കുടുങ്ങുന്നതുമാണ് വലിയ തിമിംഗലങ്ങൾ നേരിടുന്ന പ്രധാന ഭീഷണികൾ. തുടർച്ചയായ നിരീക്ഷണവും ഡോക്യുമെന്റേഷൻ ശ്രമങ്ങളും നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും, അവയുടെ ചലന വഴികൾ ട്രാക്ക് ചെയ്യുന്നതിനും, ഭാവിയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




