
മസ്കത്ത്: കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾക്കും ബാച്ചിലർമാർക്കും താമസസൗകര്യം ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മസ്കത്ത് മുൻസിപ്പാലിറ്റി. ഉപയോഗത്തിന് വിരുദ്ധമായി താമസസൗകര്യങ്ങൾ ഒരുക്കുന്നതും അനുവദനീയമായതിലധികം ആളുകളെ ഒരിടത്ത് താമസിപ്പിക്കുന്നതും ചട്ടലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
പാർപ്പിട നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മസ്കത്ത് മുൻസിപ്പാലിറ്റി നൽകുന്ന മുന്നറിയിപ്പ്. അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നതും പാർപ്പിട കെട്ടിടങ്ങളിലെ അമിത ജനസാന്ദ്രതയും പൊതുസൗകര്യങ്ങളെ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. താമസക്കാരുടെ സ്വസ്ഥജീവിതത്തെ യും ഇത് സാരമായി ബാധിക്കുന്നുണ്ട്.
അതേസമയം, താമസമേഖലകളിലും താമസവാണിജ്യ ആവശ്യങ്ങൾക്കായി ഒരുമിച്ച് നിശ്ചയിച്ച മേഖലകളിലും തൊഴിലാളികൾക്കോ ബാച്ചിലർമാർക്കോ താമസിക്കാനുള്ള കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിർമിക്കുന്നതിന് നിയന്ത്രണമുണ്ട്. ഒരേ കെട്ടിടത്തിൽ കുടുംബങ്ങൾക്കും ബാച്ചിലർ സംഘങ്ങൾക്കും ഒരേസമയം താമസസൗകര്യം ഒരുക്കുന്നതിനും ചട്ടങ്ങൾ ബാധകമാണ്.



