7,500 ചതുരശ്ര മീറ്റർ വിസ്തൃതി; മത്ര സ്‌ക്വയറിന്റെ നിർമാണം ആരംഭിച്ചു

മസ്‌കത്ത്: മത്ര സ്‌ക്വയറിന്റെ നിർമാണം ആരംഭിച്ചു. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മത്വ സ്‌ക്വയർ ഒരുങ്ങുന്നത്. ഒമ്പത് മില്യൺ റിയാൽ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. കടലിന് കുറുകെ അഞ്ച് മീറ്റർ വീതിയിൽ ‘U’ ആകൃതിയിലുള്ള പാലമാണ് പദ്ധതിയിലെ പ്രധാന ആകർഷണം. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായുള്ള പദ്ധതിയിൽ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് നിർമാണം നടത്തുന്നത്.

ഹരിത ഇടങ്ങളും കാൽനടപ്പാതകളും കടലിന്റെ താളത്തിനൊത്ത് രൂപകൽപ്പന ചെയ്ത ആധുനിക ലൈറ്റിങ് സംവിധാനവും മത്ര സ്‌ക്വയറിലുണ്ട്. മത്രയുടെ ചരിത്രവും പൈതൃകവുമായ മൂല്യം ഉയർത്തിക്കാട്ടുക, ടൂറിസ്റ്റ് സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 89,59,425 റിയാൽ ചെലവിലാണ് പദ്ധതിയുടെ നിർമാണ കരാർ അനുവദിച്ചത്.