
മസ്‌കത്ത്: കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റിയിലേക്ക് ഒമാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിറ്റിയിൽ ഒമാൻ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷനിലെ കക്ഷി രാജ്യങ്ങളുടെ 21-ാമത് യോഗത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആഗോളതലത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന കമ്മിറ്റിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകുന്നതിന് ഈ തെരഞ്ഞെടുപ്പ് അവസരമൊരുക്കും. എല്ലാ കുട്ടികൾക്കും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന പൊതുവായ അഭിലാഷത്തെയും ഈ തീരുമാനം പിന്തുണയ്ക്കും. നിലവിൽ കമ്മിറ്റിയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്ന ഡോ. തുവൈബ അഹമ്മദ് അൽ ബർവാനിയാണ് ഒമാൻ സുൽത്താനേറ്റിനെ കമ്മിറ്റിയിൽ പ്രതിനിധീകരിക്കുന്നത്.




