
മസ്കത്ത്: ഓൺലൈൻ വഴി വിദേശങ്ങളിൽ നിന്ന് വാങ്ങുന്ന വ്യക്തിഗത പാർസലുകൾക്കും തപാൽ കൊറിയറുകൾക്കുമുള്ള നികുതി രഹിത പരിധി (ഡ്യൂട്ടി ഫ്രീ കാപ്) പരമാവധി 100 ഒമാനി റിയാലായി നിശ്ചയിച്ചു. ഇതുസംബന്ധിച്ച് ഒമാൻ പുതിയ കസ്റ്റംസ് നിയമം ആവിഷ്ക്കരിച്ചു. ജിസിസി പൊതു കസ്റ്റംസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ നിർണ്ണായക ഭേദഗതികളുടെ ഭാഗമായാണ് ഈ പുതിയ നടപടി.
നേരത്തെ, വിദേശ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് (ആമസോൺ, തെമു, നൂൻ, അലി എക്സ്പ്രസ് തുടങ്ങിയവ) സാധനങ്ങൾ വാങ്ങി തപാൽ വഴിയോ കൊറിയർ വഴിയോ ഒമാനിൽ എത്തിക്കുമ്പോൾ കൂടുതൽ തുകക്ക് നികുതി ഇളവ് ലഭിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന് പുറമെ യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങൾ, ചാരിറ്റബിൾ സംഘടനകൾ, ഭിന്നശേഷിക്കാർക്കുള്ള ഇറക്കുമതികൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവക്കുള്ള കസ്റ്റംസ് ഇളവുകളും പുതിയ ഉത്തരവിലൂടെ പരിഷ്കരിച്ചിട്ടുണ്ട്. റോയൽ ഡിക്രി നമ്പർ 28/2026 പ്രകാരമുള്ള കസ്റ്റംസ് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഓൺലൈൻ വഴി വിദേശത്തുനിന്ന് ഓർഡർ ചെയ്ത് വരുത്തുന്ന പാർസലുകളുടെ മൂല്യം 100 റിയാലിൽ കൂടരുതെന്നാണ് പുതിയ നിബന്ധന. കൂടാതെ ഇവ പൂർണമായും വ്യക്തിഗത ആവശ്യങ്ങൾക്കുള്ളവയായിരിക്കണം. വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഇറക്കുമതി ചെയ്യുന്നയാൾ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരാകരുത്.
നിരോധിച്ചവയോ വ്യാജ ഉൽപന്നങ്ങളോ പകർപ്പവകാശം ലംഘിക്കുന്ന സാധനങ്ങളോ പാർസലിൽ ഉണ്ടാകാൻ പാടില്ലെന്നും പുകയില, പുകയില ഉൽപന്നങ്ങൾ എന്നിവക്ക് ഈ 100 റിയാലിന്റെ ഇളവ് ബാധകമല്ല. ഈ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ പരിശോധനകൾ ഏർപ്പെടുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറലിന് അധികാരം നൽകിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വ്യക്തിഗത ബാഗേജുകൾക്കും 300 റിയാൽ വരെയുള്ള ഗിഫ്റ്റുകൾക്കുമുള്ള കസ്റ്റംസ് നികുതി ഇളവ് മാറ്റമില്ലാതെ തുടരും. എന്നാൽ, വിദേശത്തുനിന്നും ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണത്തിൽ കസ്റ്റംസ് വലിയ നിയന്ത്രണം ഏർപ്പെടുത്തി. മുമ്പ് 400 സിഗരറ്റുകൾ വരെ നികുതിയില്ലാതെ കൊണ്ടുവരാമായിരുന്നത് ഇനി മുതൽ 200 ആയി കുറച്ചു.




