
മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ രണ്ട് പ്രധാന റോഡുകൾ ഗതാഗതത്തിനായി തുറന്നു നൽകി. ഒമാൻ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് കമ്പനിയിലേക്കുള്ള പുതിയ റോഡും അൽ ജബൽ അൽ അഖ്ദർ വിലായത്തിലെ സെയ്ഹ് ഖത്ന റോഡുകളാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നു നൽകിയത്. 10,76,800 ഒമാനി റിയാൽ ആണ് ഒമാൻ അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റൽ കമ്പനിയിലേക്കുള്ള റോഡ് പദ്ധതിക്ക് ചെലവായത്. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിന് സമാന്തരമായുള്ള സർവീസ് റോഡിൽ നിന്ന് ആരംഭിച്ച് ഒമാൻ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് കമ്പനിയുടെ ഇൻഡസ്ട്രിയൽ കോംപ്ലക്സ് വരെയാണ് പുതിയ പാത. 3.7 കിലോമീറ്ററാണ് ഈ പാതയുടെ നീളം.
അൽ ജബൽ അൽ അഖ്ദറിലെ സെയ്ഹ് ഖത്ന റോഡിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണ ജോലികളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. 8 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് പൂർത്തിയാക്കിയിരിക്കുന്നത്.




