ഒമാനിലേക്ക് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് കർശന നിബന്ധനകൾ; വിശദാംശങ്ങൾ…..

മസ്‌കത്ത്: ഒമാനിലേക്ക് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് കർശന നിബന്ധനകൾ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുന്നത്. 2027 ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. പുതിയ തീരുമാനപ്രകാരം ഏജൻസികൾ 5,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടി നൽകണമെന്നും റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

ഇൻഷുറൻസ് ചെലവ് കരാർ തുകയുടെ ഏകദേശം ഒരു ശതമാനമായിരിക്കും. തൊഴിലാളിയുടെ മരണം, വൈകല്യം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും നിശ്ചിത വ്യവസ്ഥകളോടെ ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. റിക്രൂട്ട്‌മെന്റ് കരാർ ഒപ്പിട്ട് 45 ദിവസത്തിനകം തൊഴിലാളികളെ രാജ്യത്ത് എത്തിക്കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിലാളിയെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാൻ പൂർണ അവകാശമുണ്ടായിരിക്കും.

 

പുതിയ ഉത്തരവിൽ തൊഴിലുടമകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി ജോലിയിൽ പ്രവേശിച്ച് ആദ്യ 90 ദിവസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുകയോ മറ്റ് വീഴ്ചകൾ വരുത്തുകയോ ചെയ്താൽ തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് പൂർണമായി തിരികെ നൽകണം.

 

എന്നാൽ, പകരം മറ്റൊരു തൊഴിലാളിയെ നൽകാമെന്ന് ധാരണയായാൽ ഈ റീഫണ്ട് വ്യവസ്ഥ ബാധകമാകില്ല. ഏജൻസികളുടെ ഉടമസ്ഥാവകാശത്തിലും മാനേജ്‌മെന്റിലും കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏജൻസി ഉടമകളും പങ്കാളികളും ഒമാനി പൗരന്മാരായിരിക്കണം. ഉടമയ്‌ക്കോ മുഴുവൻസമയ മാനേജിങ് പങ്കാളിക്കോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. രണ്ട് വർഷ കാലാവധിയുള്ള പ്രവർത്തന ലൈസൻസിന് 300 റിയാൽ ഫീസ് നൽകണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.