ഫുഡ് സെക്യൂരിറ്റി ഫോറവും പ്രദർശനവും ഓഗസ്റ്റ് 10 മുതൽ സലാലയിൽ!

ഒമാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക-ഭക്ഷ്യ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘ഫുഡ് സെക്യൂരിറ്റി ഫോറം ആൻഡ് എക്സിബിഷൻ 2026’ ഓഗസ്റ്റ് 10 തിങ്കളാഴ്ച സലാലയിൽ നടക്കും.

ദോഫാർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (OCCI) നേതൃത്വത്തിൽ, ദോഫാർ ഗവർണറേറ്റുമായും കൃഷി-മത്സ്യ-ജലവിഭവ മന്ത്രാലയവുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് ഫോറം ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് 11 മുതൽ 15 വരെ അത്തീൻ സന്ദർശന കേന്ദ്രത്തിലാണ് പ്രദർശനം നടക്കുന്നത്. കാർഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന, ഭക്ഷ്യ സംസ്കരണ മേഖലകളിലെ നൂറോളം പ്രദർശകർ പങ്കെടുക്കും. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം. നജ്ദ് (Najd) മേഖലയുടെ വികസനം, നജ്ദ് അഗ്രികൾച്ചറൽ സിറ്റി, പുതിയ നിക്ഷേപ അവസരങ്ങൾ (‘Invest in Oman’), ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, കാർഷിക വായ്പകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ പഠനപേപ്പറുകൾ അവതരിപ്പിക്കും.