
മസ്‌കത്ത്: 2026 ഒക്ടോബർ 1 മുതൽ ഒമാനിൽ പുതിയ പുകയില എക്സൈസ് നികുതി ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. നികുതി അതോറിറ്റിയാണ് പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചത്. എക്സൈസ് നികുതി കണക്കാക്കാനായി സിഗരറ്റുകൾക്കും മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കും കുറഞ്ഞ അടിസ്ഥാന വില നിശ്ചയിച്ചുകൊണ്ടുള്ളതാണ് പുതിയ ചട്ടങ്ങൾ. തീരുമാനം അനുസരിച്ച്, 20 സിഗരറ്റുകൾ അടങ്ങിയ പാക്കിന്റെ അടിസ്ഥാന വില 1 ഒമാനി റിയാലിൽ കുറയാൻ പാടില്ല.
ഷീഷയ്ക്കും റെഡി ടു യൂസ് ഗണത്തിൽപ്പെടുന്ന മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കും 250 ഗ്രാമിന് 2.5 ഒമാനി റിയാൽ ആയിരിക്കും കുറഞ്ഞ അടിസ്ഥാന വില. ഉപഭോക്താക്കൾ നൽകേണ്ട ചില്ലറ വിൽപ്പന വില ഈ അടിസ്ഥാന വില തന്നെ ആകണമെന്നില്ല. എക്സൈസ് നികുതി കണക്കാക്കാനാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.




