
മസ്കത്ത്: ഒമാനിലെ ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. ഒമാൻ സുൽത്താനേറ്റിൽ ഡെങ്കിപ്പനി കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഗണ്യമായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. കടുത്ത തലവേദന, കടുത്ത പനി, പേശികളിലും സന്ധികളിലും വേദന, ചർമ്മത്തിൽ ചൊറിച്ചിൽ, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ.
കൊതുകുകളുടെ വ്യാപനം തടയുന്നതും ഡെങ്കിപ്പനി സാധ്യത കുറയ്ക്കുന്നതും ഒരു പൊതു ഉത്തരവാദിത്തമാണെന്നും പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിനും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതിനും സമൂഹവ്യാപകമായ ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം ഊന്നിപ്പറയുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ജലധാരകളിലെയും നീന്തൽക്കുളങ്ങളിലെയും വെള്ളം മാറ്റുക, മൃഗങ്ങൾക്ക് കുടിക്കാനുള്ള പാത്രങ്ങൾ വൃത്തിയാക്കുക, ജലപ്പാത്രങ്ങൾ ശരിയായി മൂടുക, ഉപയോഗ ശൂന്യമായ ടയറുകൾ സംസ്കരിക്കുക, കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, വീടുകൾക്ക് ചുറ്റുമുള്ള ജലശേഖരണവും മാലിന്യങ്ങളും ഇല്ലാതാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.




