
മസ്കത്ത്: ഒമാനിലെ നിസ്വ പബ്ലിക് പാർക്ക് തുറന്നു. അൽ ദാഖിലിയ ഗവർണറേറ്റിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 25.7 ലക്ഷം റിയാൽ ചെലവിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വിനോദം, കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കൊപ്പം സ്വകാര്യ സംരംഭകർക്കായി വലിയ നിക്ഷേപാവസരങ്ങൾ പാർക്ക് സൃഷ്ടിക്കും.
അൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഉദ്യോഗസ്ഥരും മറ്റ് അതിഥികളും ചടങ്ങിൽ പങ്കെടുത്തു. പാർക്കിലെ വിനോദ, കായിക, സാംസ്കാരിക, സേവന, നിക്ഷേപ സൗകര്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹരിത ഇടങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വ്യാപാര സ്ഥാപനങ്ങൾ, കായിക-വിനോദ സൗകര്യങ്ങൾ തുടങ്ങി 40-ലധികം സംവിധാനങ്ങൾ പാർക്കിലുണ്ട്.
പൊതു സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവർണറേറ്റിന്റെ ശ്രമങ്ങളിൽ ഒരു പുതിയ ഘട്ടമാണ് ഉദ്ഘാടനം പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.




