ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആർഒപി

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹന അലങ്കാരങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ. റോയൽ ഒമാൻ പോലീസിലെ (ആർഒപി) ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നവംബർ 1 മുതൽ 30 വരെ ഒമാനിലെ വാഹനങ്ങളിൽ ദേശീയ ദിന സ്റ്റിക്കറുകൾ പതിക്കാം. മുൻവശത്തെ ഗ്ലാസിലും സൈഡ് ഗ്ലാസുകളിലും സ്റ്റിക്കറുകൾ പാടില്ല. പിൻചില്ലിൽ കാഴ്ച്ചയ്ക്ക് തടസമില്ലാത്ത ചിത്രങ്ങൾ മാത്രം പതിപ്പിക്കുക. ബോണറ്റിൽ തുണികൾ ഉപയോഗിക്കുന്നതും കിരീടം, ഖഞ്്ജർ സ്റ്റിക്കറുകളും നിരോധിച്ചിരിക്കുന്നുവെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനത്തിന്റെ രൂപം മാറ്റാതെയും സുരക്ഷ ഉറപ്പാക്കിയും മാത്രമേ അലങ്കാരങ്ങൾ ചെയ്യാവൂ. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ദേശീയ ദിനാഘോഷ വേളയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുമായി എല്ലാ ഡ്രൈവർമാരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആർഒപി അഭ്യർത്ഥിച്ചു.