ദേശീയ പതാക, ചിഹ്നം, ഗാനം എന്നിവയെ അപമാനിച്ചാൽ ഒമാനിൽ കർശന നടപടി

മസ്‌കത്ത്: ദേശീയ പതാക, ചിഹ്നം, ഗാനം എന്നിവക്ക് അപമാനമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒമാൻ. ഇത്തരക്കാർക്ക് മൂന്ന് മാസം മുതൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ദേശീയ പതാകയോ ചിഹ്നമോ താഴെയിറക്കുകയോ, കേടുപാടുകൾ വരുത്തുകയോ, വിദ്വേഷമോ അവഹേളനമോ പ്രകടിപ്പിക്കുന്ന മറ്റ് പ്രവൃത്തികൾ ചെയ്യുകയോ വഴി അവയെ മനപൂർവം അപമാനിക്കുന്നവർക്കാണ് ശിക്ഷ ലഭിക്കുക.

സംസാരം, എഴുത്ത്, ആംഗ്യങ്ങൾ, വികലമാക്കൽ അല്ലെങ്കിൽ വിദ്വേഷവും അവഹേളനവും പ്രകടിപ്പിക്കുന്ന മറ്റ് പ്രവൃത്തികൾ എന്നിവയിലൂടെ ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ, അധികൃതർ നിശ്ചയിക്കുന്ന മറ്റ് വേദികളിലും അവസരങ്ങളിലും ദേശീയ ഗാനം ആലപിക്കാൻ അനുവാദം നൽകുന്ന രീതിയിലും ആർട്ടിക്കിൾ 14 ഭേദഗതി ചെയ്തിട്ടുണ്ട്.

ദേശീയ പതാകയുടെയും ചിഹ്നത്തിന്റെയും ഔദ്യോഗിക മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പതാകയുടെ അളവുകൾ, ഡിസൈൻ, നിർമാണ സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. നിയമത്തിൽ പ്രത്യേകം പരാമർശിക്കാത്ത പതാകകളുടെ അളവുകൾ, കൊടിമരങ്ങളുടെ വലിപ്പം, അവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ നിർണയിക്കും.