
മസ്കത്ത്: ഒമാനിൽ തൊഴിലാളികൾ സിവിൽ ഐഡി കാർഡ് തൊഴിലുടമകൾക്കോ മറ്റുള്ളവർക്കോ കൈമാറരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തൊഴിൽ കരാർ അംഗീകാരത്തിനുള്ള നടപടിക്രമങ്ങൾ തൊഴിലാളികൾ നേരിട്ട് തന്നെ ഓൺലൈനായി പൂർത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സിവിൽ ഐഡി മറ്റുള്ളവരുടെ കൈവശം നൽകുന്നത് വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യാജ തൊഴിൽ ഇടപാടുകൾ തടയുന്നതിനും തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കുന്നതിനുമാണ് പുതിയ നിർദേശം. തൊഴിൽ കരാർ അംഗീകരിക്കുന്ന നടപടികൾ മറ്റുള്ളവരെ ഏൽപ്പിക്കാതെ തൊഴിലാളികൾ സ്വന്തം നിലയിൽ തന്നെ നിർവഹിക്കണം. സിവിൽ ഐഡി മറ്റുള്ളവരുടെ കൈവശം നൽകുന്നത് വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കരാർ അംഗീകരിക്കുന്നത് ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും സഹായിക്കും. തൊഴിൽ കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പൂർത്തിയാക്കണമെന്ന് തൊഴിലാളികളോടും തൊഴിലുടമകളോടും അധികൃതർ ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പോർട്ടലിൽ സിവിൽ ഐഡി കാർഡോ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സൗകര്യമുള്ള മൊബൈൽ കാർഡോ ലോഗിൻ ചെയ്ത് കരാർ പരിശോധിക്കാനും അംഗീകരിക്കാനും തൊഴിലാളികൾക്ക് സൗകര്യമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.




