മസ്ക്കറ്റിൽ കനത്ത മഴ; ഒരു പ്രവാസി മരണപ്പെട്ടു

ഇന്ന് പുലര്‍ച്ചെ മസ്‍കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുണ്ടായ കനത്ത മഴയും പൊടിക്കാറ്റിലും ഒരു പ്രവാസി മരണപ്പെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളാണ് പിന്നീട് മരിച്ചത്. വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെടുകയുമായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

തെക്കൻ ഗുബ്ര പ്രദേശത്ത് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട പ്രവാസി ഉള്‍പ്പെടെ മൂന്നുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഇവരും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും റോയൽ ഒമാൻ പോലീസ് ട്വീറ്റ് ചെയ്‍തു. കനത്ത മഴയെ തുടർന്ന് മത്ര സൂഖിലും വെള്ളം കയറി.