മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ കീടനാശിനികൾ പിടിച്ചെടുത്തു

മസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഉപഭോക്തൃ സംരക്ഷണ വകുപ്പ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസിലെ നിയന്ത്രണ വകുപ്പിന്റെയും അൽ ജാസറിലെ അൽ വുസ്ത മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധനാ ക്യാമ്പെയിൻ നടത്തിയത്.

വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിപണികളെ നിയന്ത്രിക്കുന്ന ആവശ്യകതകളും നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നു. അവശ്യവസ്തുക്കളുടെ ലഭ്യതയും വിലകളുടെ സ്ഥിരതയും പരിശോധിക്കുക, വാണിജ്യ സ്ഥാപനങ്ങൾ ബാധകമായ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, അതുവഴി വിപണി മേൽനോട്ടം വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുരക്ഷിതമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കുക, വിപണി സ്ഥിരതയെ പിന്തുണയ്ക്കുക എന്നിവയാണ് കാമ്പെയ്നിന്റെ ലക്ഷ്യം.

നിരവധി കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും അധികൃതർ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ അംഗീകൃത സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധിച്ചു.

അംഗീകൃത സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കാത്ത നിരവധി കീടനാശിനികൾ പരിശോധനയിൽ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു. പിടിച്ചെടുത്ത ഇനങ്ങളുടെ പ്രചാരം വിപണികളിൽ നിന്നും തടയുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.