അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയത് 200 ഓളം ഓണപ്പൂക്കളം. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. പൂവുകൾക്ക് പുറമെ ബഹുവർണപ്പൊടികളും ഇലകളും കായ്കളുമെല്ലാം ഉപയോഗിച്ചാണ് പൂക്കളങ്ങളുണ്ടാക്കിയത്. മനുഷ്യരിലെ അകൽച്ചയും അതിർവരമ്പുകളും മായ്ച്ചുകളയുന്ന ഇത്തരം ആഘോഷങ്ങൾ കുട്ടികളിലെ ഐക്യത്തെ ഉണർത്തുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു.
കോവിഡ് ആലസ്യത്തിൽനിന്ന് സ്കൂൾ ഉണരാൻ പൂക്കള മത്സരം സഹായിച്ചെന്ന് വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ പറഞ്ഞു. സ്കൂളിലെ മലയാള വിഭാഗം മേധാവി ഡോ. ജിതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. പൂക്കളങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്നവയായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു.