സുൽത്താൻ കപ്പിൽ കന്നി കിരീടമണിഞ്ഞു അൽ നാദ ക്ലബ്ബ്​

മസ്​കത്ത്​: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റിലെ ഏറ്റവും വലിയ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ്​ ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്​ നിലവിലെ ചാമ്പ്യൻമരായ സീബിനെ തകർത്തു. അൽനാദക്ക്​ വേണ്ടി വിദേശ താരം അൻതറസാണ്​ പെനാൽറ്റിയിലൂടെ 20ാം മിനിറ്റിൽ ഗോൾ നേടിയത്​.

മന്ദഗതിയിലായിരുന്നു മത്സരം തുടങ്ങിയത്. വ്യത്യസ്ത മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെയാണ് ​ നിലവിലെ ചാമ്പ്യൻമാരെ ഞെട്ടിച്ച്​ അൽനാദ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്​.

അൽനാദക്ക്​ വേണ്ടി വല കാത്ത ഒമാൻ ദേശീയ ടീമിന്‍റെ ഗോളി ഇബ്രാഹിമിന്‍റെ തകർപ്പൻ പ്രകടനമാണ്​ സീബിന്​ തിരിച്ചടിയായാത്​. സുൽത്താൻ കപ്പിലെ അൽ നാദ ക്ലബിന്‍റെ ആദ്യ കിരീടമാണിത്​. ഉദ്​ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം​, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയ പ്രമുഖർ പ​ങ്കെടുത്തു.