ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഒമാനി-കുവൈത്ത് സംയുക്ത സമിതി

മസ്‌കത്ത്: ഒമാനി-കുവൈത്ത് സംയുക്ത സമിതിയുടെ 9-ാമത് സെഷൻ ഞായറാഴ്ച വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെയും കുവൈറ്റ് സ്റ്റേറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹിന്റെയും അധ്യക്ഷതയിൽ ആരംഭിച്ചു.

ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക, വിനോദസഞ്ചാര, ശാസ്ത്ര മേഖലകളിൽ ആ ബന്ധം വികസിപ്പിച്ചെടുക്കാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ താൽപ്പര്യം അദ്ദേഹം അടിവരയിട്ടു. കൂടാതെ, നൂതന സാങ്കേതിക വിദ്യകൾക്കും മികച്ച സമ്പ്രദായങ്ങൾക്കുമൊപ്പം മാനവവിഭവശേഷിയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും ഇരു നേതൃത്വങ്ങളും താൽപ്പര്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഷെയ്ഖ് സലിം വ്യക്തമാക്കി.

സന്ദർശന വേളയിൽ ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്ന് ഷെയ്ഖ് സലിം ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ)യോട് പറഞ്ഞു. ലാഭകരമായ നിക്ഷേപ അവസരങ്ങൾ ഉള്ളതിനാൽ ഒമാൻ സുൽത്താനേറ്റിൽ നിക്ഷേപം നടത്താൻ അദ്ദേഹം നിക്ഷേപകരോടും കുവൈറ്റിലെ സ്വകാര്യ മേഖലയോടും ആഹ്വാനം ചെയ്തു.