മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്

10 രാജ്യങ്ങളിലായി 312 ഷോറൂമുകളുമായി ആഗോളതലത്തിൽ ഏറ്റവും വലിയ ആറാമത്തെ ജ്വലറി ബ്രാൻഡായി നിലകൊള്ളുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് ബോളിവുഡ് താരം ആലിയ ഭട്ടിനെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. അനിൽ കപൂർ, കരീന കപൂർ ഖാൻ, കാർത്തി തുടങ്ങിയ അഭിനേതാക്കൾ ഉൾപ്പെടുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർമാരുറട നിരയിലേക്കാണ് ഏറ്റവും പുതിയതായി ആലിയ ഭട്ട് എത്തിയത് . ബ്രൈഡ്സ് ഓഫ് ഇന്ത്യ 2023 എന്ന സുപ്രധാന ബ്രൈഡൽ ക്യാമ്പയിൻ ആലിയ ഭട്ട് പ്രദർശിപ്പിക്കും.

1993-ൽ പ്രവർത്തനം ആരംഭിച്ച മലബാർ ഗ്രൂപ്പിന്റെ 30-ആം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ടിനെ നിയമിച്ചത്. നിലവിൽ ഇന്ത്യ, യുഎഇ, കെഎസ്എ, ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ എന്നിവിടങ്ങളിൽ വിപുലമായ റീട്ടെയിൽ ശൃംഖലയുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സ് യുകെ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജ്ിപ്ത്, ബംഗ്ലാദേശ്, തുർക്കി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേയ്ക്ക് കൂടി വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആലിയ ഭട്ട് ബ്രാൻഡ് അംബാസിഡറായി എത്തുന്നത് ആഗോളതലത്തിൽ ബ്രാൻഡിന്റെ പ്രതിശ്ചായ വർദ്ധിപ്പിക്കാൻ സഹായകമാകും.

അതേസമയം മലബാർ ഗോൾഡ് & ഡയമണ്ട്സ് പോലുള്ള ഒരു ആഗോള ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുള്ളതായി ആലിയ ഭട്ട് പറഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്സ് അവരുടെ ബ്രഹത്തായ വിപുലീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ആഭരണ പ്രേമികൾൾക്കിടയിലേയ്ക്ക് ബ്രാൻഡിനെ കൂടുതൽ ജനകീയതയോടെ എത്തിക്കാൻ ബ്രാൻഡുമായി ചേർന്ന് പ്രവർത്തിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായും താരം കൂട്ടിച്ചേർത്തു. ആലിയ ഭട്ടിനെ മലബാർ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുള്ളതായി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.