അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്പത്തിന്റെ സർവേ നടക്കുന്നു

മസ്കത്ത്: അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്പത്ത് പര്യവേക്ഷണം ചെയ്യുന്നതിനായി കൃഷി, മത്സ്യബന്ധന ജലവിഭവ മന്ത്രാലയം സർവേ നടത്തുന്നു. ഭാവിയിൽ മത്സ്യബന്ധനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം സർവേ നടത്തുന്നത്.

ഒമാനിലെ ജലാശയങ്ങളിലെ മത്സ്യങ്ങളുടെ ജൈവാംശം, മത്സ്യ ഇനങ്ങളുടെ ഭാരം, കാലാനുസൃതമായ വിതരണം, ലഭ്യത എന്നിവ കണ്ടെത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും പാരിസ്ഥിതിക സമൃദ്ധിയും ജൈവവൈവിധ്യവും മനസ്സിലാക്കാൻ സഹായിക്കുന്ന പാരിസ്ഥിതികവുമായ ഡാറ്റ കണ്ടെത്താനും പദ്ധതി ലക്ഷ്യമിടുന്നു.

സമുദ്രവിഭവങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നതിനും പദ്ധതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഡാറ്റ നൽകുന്നതിനും ഈ ദേശീയ പദ്ധതി അനിവാര്യമാണെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഫിഷറീസ് റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ദാവൂദ് ബിൻ സുലൈമാൻ അൽ യഹ്‌യായി പറഞ്ഞു.

അതേസമയം അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്പത്ത് സർവേ ചെയ്യുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി മത്സ്യബന്ധനം എപ്പോൾ നിരോധിക്കണമെന്ന് നിർണയിച്ച് ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.